നിവിൻ പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം റിലീസിന് ഒരുങ്ങുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് പ്രേക്ഷകർ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ഏറ്റവും പുതിയ ടീസർ റിലീസ് ചെയ്‌തു. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. നിവിന്‍ പോളി, ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.