ന്യൂയോർക്ക് ടൈംസിൻ്റെ ഈ മാസത്തെ പ്രധാനപ്പെട്ട 5 അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി ‘നൻപകൽ നേരത്ത് മയക്കം’. ഇന്ത്യയിൽ നിന്ന് ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ സ്ഥാനം നേടിയ ഏക ചിത്രമാണിത്. ജംബോ, എ ഹ്യൂമസ് പൊസിഷൻ, ഡൊമസ്റ്റിക്, ദി ഷോ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് നൻപകൽ നേരത്ത് മയക്കം ഇടംപിടിച്ചത്. ജെയിംസ് എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റമാണ് ലിജോ ചിത്രത്തിലൂടെ പറഞ്ഞുവെയ്ക്കുന്നത്. ജെയിംസിന് അറിയാത്ത നാട്ടില്‍ ജെയിംസിന് അറിയാത്ത ‘സുന്ദര’മായി അയാള്‍ മാറുകയാണ്. ഭക്തിയും വിശ്വാസവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള മുഖാമുഖത്തിൽ ജെയിംസിനൊപ്പമുള്ളവരും സുന്ദരത്തിൻ്റെ നാട്ടുകാരും ഒരുമിക്കുന്നു. കുടുംബസ്ഥനായ മൂവാറ്റുപുഴക്കാരന്‍ ജെയിംസ് തമിഴ്‌നാട്ടില്‍ സുന്ദരമായി മാറുന്നത് സ്വപ്നമാണോ നാടകമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത കടങ്കഥയിൽ പ്രേക്ഷകനും കുടുങ്ങും.നെറ്റ്ഫ്ലിക്സിലാണ് നൻപകൽ നേരത്ത് മയക്കം സ്ട്രീം ചെയ്യുന്നത്. ജിയാനി എന്ന പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ ജംബോ, ആസ്തയെന്ന യുവതിയുടെ കഥ പറയുന്ന എ ഹ്യൂമൻ പൊസിഷൻ, അപാർട്മെന്റിൽ താമസിക്കുന്ന ദമ്പതികളുടെ കഥ പറഞ്ഞ ഡൊമസ്റ്റിക്, ദി ഷോ എന്നിവയാണ് ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിലുള്ള മറ്റ് ചിത്രങ്ങൾ.