കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജയ് കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഹൊറര്‍ ചിത്രം ‘എസ്ര’യിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ജയ് കെ. 2020 തിരുവോണ നാളില്‍ പ്രഖ്യാപിച്ച ചിത്രം ‘ഗ്ര്‍ര്‍ര്‍’ ആണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.മൃഗശാലയുമായി ബന്ധപ്പെട്ട ഒരു കഥയാണ് ചിത്രം പറയുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തെ കുറിച്ചുള്ള മറ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ് ആരാധകര്‍ക്ക്.

സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ‘എസ്ര’ ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമായിരുന്നു. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ പ്രിയ ആനന്ദ് ആയിരുന്നു നായിക. ടൊവീനോ സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയരാഘവന്‍, പ്രതാപ് പോത്തന്‍, ബാബു ആന്‍റണി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രവുമായിരുന്നു അത്. ‘എസ്ര’ ഹിന്ദിയിലേക്കും റീമേക്ക് ചെയ്‍തിരുന്നു.