ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ബൈലിംഗ്വെൽ ചിത്രം അദൃശ്യം ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും കൂടാതെയാണ് ചിത്രം ഒടിടിയിലെത്തിയത്. ഇന്ത്യയിൽ മാത്രമാണ് ഒടിടി റിലീസ് ചെയ്തിരിക്കുന്നത്. 2022 നവംബർ 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് അദൃശ്യം. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്. കാണാതായ ഒരു പെൺകുട്ടിയുടെ കേസിനെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. സമാന്തര അന്വേഷണങ്ങളിൽ നിരവധി ആളുകൾ അവളെ അന്വേഷിക്കുന്നുണ്ട്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.