വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാകും നിയന്ത്രണം. ജനവാസമേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ. രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണമെന്നും രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവര്‍മാരും റിസോര്‍ട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് എ. രാജ എം.എല്‍.എ പറഞ്ഞു.വന്യമൃഗശല്യത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തും. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ആനച്ചാല്‍, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്താന്‍ പോലീസിനും വനം വകുപ്പിനും ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടാക്സി ഡ്രൈവര്‍മാര്‍ക്കുമിടയില്‍ പോലീസും വനംവകുപ്പും ബോധവത്കരണം നടത്തുമെന്നും സബ് കലക്ടര്‍ അറിയിച്ചു