തൊട്ടടുത്ത ഫ്ലാറ്റിന്‍റെ ടെറസിൽ ഒളിച്ചിരുന്ന് വീട്ടിനുള്ളിലെ ആലിയയുടെ ചിത്രമെടുത്ത ഓൺലൈൻ പോർട്ടലിനെതിരെ മുംബൈ പൊലീസ് കേസെടുക്കും. നടിയോട് പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തിന്‍റെ പി ആർ ടീം ഓൺലൈൻ പോർട്ടലുമായി ആശയവിനിമയം നടത്തുകയാണെന്നും അതിന് ശേഷം പരാതി നൽകാമെന്നും ആലിയ ഭട്ട് മറുപടി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തൊട്ടടുത്ത ഫ്ലാറ്റിന്‍റെ ടെറസിൽ ഒളിച്ചിരുന്നാണ് ചിലർ ആലിയ ഭട്ടിന്‍റെ വീടിനകത്തുള്ള ചിത്രങ്ങൾ പകർത്തിയത്.സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി താരം ഇൻസ്റ്റഗ്രാമിൽ പ്രതിഷേധ പോസ്റ്റ് ഇട്ടതോടെ ബോളിവുഡ് താരങ്ങൾ ഒന്നടങ്കം ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. മുംബൈ പോലീസിനെ ടാഗ് ചെയ്തായിരുന്നു ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. വീട്ടില്‍ ഇരിക്കുമ്പോള്‍ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്‍റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണ്.നിങ്ങൾക്ക് മറികടക്കാൻ കഴിയാത്ത ഒരു വരയുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആലിയ ഭട്ടിന്‍റെ അമ്മയും സഹോദരിയും അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ, ജാൻവി കപൂര്‍, അര്‍ജുൻ കപൂര്‍, അനൂഷ്ക ശര്‍മ എന്നിവരും പിന്തുണയുമായെത്തി.