മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്‌ഡേറ്റ്‌സും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഗുസ്തി ചാമ്പ്യനായ ദ ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തും എന്ന വാർത്തകളായിരുന്നു ചിത്രത്തെ കുറിച്ച് നേരത്തെ പ്രചരിച്ചിരുന്നത്. രാജസ്ഥാനിലെ ജയ് സാൽമീറിലും പൊഖ്‌റാൻ കോട്ടയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള മറ്റൊരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളുടെ മൊബൈൽ ഫോൺ ഷൂട്ടിംഗ് സമയത്ത് വാങ്ങി സൂക്ഷിക്കുന്ന ഒരു ഫോട്ടൊയാണിത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു പോകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഈ നീക്കം. നിരവധി സ്മാർട്ട് ഫോണുകൾ നിരത്തി വച്ചിരിക്കുന്നതും അതിന് ഒരാൾ കാവലിരിക്കുന്നതുമാണ് ഫോട്ടോയിലുള്ളത്. എന്നാൽ ഫോട്ടോയും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ”സെറ്റിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റിന്റെ ഫോൺ തട്ടിയെടുത്ത സുരക്ഷാ ഉദ്യോഗസ്ഥൻ, ഇപ്പോൾ എല്ലാം തിരികെ നൽകാൻ കാത്തിരിക്കുന്നു… സിനിമാ സെറ്റിലെ ജീവിതം” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.