തൃശൂർ മെഡി. കോളജ് ആശുപത്രിയിൽ മരുന്ന് മാറിനൽകിയതിനെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിൽ. അബോധാവസ്ഥയിലുള്ള രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം അലർജിക്കുള്ള ചുമയുടെ മരുന്നാണ് രോഗിക്ക് നൽകിയത്. 25കാരനായ ചാലക്കുടി പോട്ട സ്വദേശി അമലിനാണ് ഈ ദുരിതം. ബൈക്ക് അപകടത്തെത്തുടർന്ന് കൈകാലുകൾ ഒടിഞ്ഞ് ഒരു മാസമായി മെഡി. കോളജിൽ ചികിത്സയിലായിരുന്ന അമൽ, അസുഖം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥ കാരണം വീണ്ടും ദുരിതത്തിലായത്. ആശുപത്രി വളപ്പിലെ ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവെക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റർ സഹായമുള്ള ഐ സി യുവിലേക്ക് മാറ്റി. മികച്ച ചികിത്സ കിട്ടാൻ ഡോക്ടർ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും ബന്ധുക്കൾ ആരോപിച്ചു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർക്കെതിരെയാണ് പരാതി. സംഭവത്തില്‍ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു. മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗിക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടെന്നും പിറ്റേന്ന് അപസ്മാരം ഉ​ണ്ടായെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ, അപസ്മാരം ഉണ്ടായത് സിറപ്പ് കഴിച്ചിട്ടല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിശദീകരണം.