രാജ്യത്തെ ആശുപത്രികളിൽ ചികിത്സാ പിഴവുകൾ വർധിക്കുന്നു. 2015 മുതൽ 2019വരെയുള്ള ചികിത്സാരംഗത്തെ അപകടങ്ങളും പിഴവുകളും മൂലമുണ്ടായ 253 ഗുരുതരകേസുകളിലാണ് നാഷണൽ കൺസ്യൂമർ നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. എൻ.സി.ഡി.ആർ.സിയുടെ മുന്നിലെത്തിയ കേസുകളിൽ നഷ്ടപരിഹാരം നൽകിയത് ഡോക്ടർമാരുടെയും നഴ്സ്മാരുടേയും ആശുപത്രി ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾക്കാണെന്ന് കണക്കുകൾ പറയുന്നു. 253 കേസുകളിൽ 135 എണ്ണവും ചികിത്സാപിഴവ് കൊണ്ട് ഉണ്ടായതാണ്. ഇവയിൽ ശസ്ക്ര​ക്രിയക്കിടെയുള്ള പിഴവുകൾ ഏറെയാണ്. ഇത്തരത്തിൽപ്പെട്ട 37കേസുകളിലാണ് എൻ.സി.ഡി.ആർ.സി നഷ്ടപരിഹാരം നിർദ്ദേശിച്ചത്. ചികിത്സയിലെ അശ്രദ്ധയും കഴിവുകുറവും കാരണം അപകടമുണ്ടായ 62 കേസുകളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്. എൻ.സി.ഡി.ആർ.സിയുടെ പരിഗണനയിലെത്തിയ അഞ്ച് വർഷക്കാലത്തെ കേസുകളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത് പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ​ഗ്രാജ്വേറ്റ് മെഡിസിൽ ആൻഡ് റിസേർച്ചിലെ ഫോറൻസിക് മെഡിസിൽ സ്‍പെഷലിസ്റ്റ് ഡോ. സഞ്ജയ് സുകുമാറാണ്.