
സംസ്ഥാനത്ത് എലിപ്പനി മരണങ്ങളിലും വൻ വർധന. 2023ൽ ഇതുവരെ 13 എലിപ്പനി മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം സംശയിക്കപ്പെടുന്ന 16 മരണങ്ങളുമുണ്ടായതായി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടിയ നിരക്കാണിത്. സംശയിക്കപ്പെട്ടതുൾപ്പെടെ 531 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത് 210 എണ്ണമാണ്. 2021ലെ ആദ്യ രണ്ട് മാസങ്ങളിൽ 186 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു, ഇവയിൽ ആറുപേർ മാത്രമാണ് മരിച്ചത്. 2022ൽ 216 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ അഞ്ചുപേർ മരിച്ചു. . ഈ വർഷം സംശയകരമായ എലിപ്പനി കേസുകളിൽ പലതിലും പരിശോധനഫലം എത്തിയിട്ടില്ല. ഈ വർഷത്തെ നാലു മരണങ്ങൾ കോഴിക്കോടാണ്. തൃശൂരിൽ മൂന്നുപേരും കൊല്ലത്ത് രണ്ടുപേരും. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു. ഫെബ്രുവരി 16നു ശേഷം സംസ്ഥാനത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത 37 കേസുകളിൽ രണ്ടുപേർ മരിച്ചു. ആലപ്പുഴയിലും കോഴിക്കോടുമായിരുന്നു ഈ മരണങ്ങൾ. മുൻ വർഷത്തെ അപേക്ഷിച്ച് സ്ഥിരീകരിക്കപ്പെട്ട എലിപ്പനി കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും സംശയിക്കപ്പെടുന്നവയിൽ വൻ വർധനയുണ്ടായതായുള്ള ഔദ്യോഗിക വിശദീകരണവും റിപ്പോർട്ടിലുണ്ട്.