ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് രോഗം പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും മാർബർ​ഗ് വൈറസ് കാരണമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിൽ ഒമ്പത് മരണങ്ങളും പനി, ക്ഷീണം, വയറിളക്കം, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങളുള്ള 16 കേസുകളും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. മാർബർഗ് വളരെ ​ഗുരുതരമായ പകർച്ചവ്യാധിയാണ്. 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയർന്ന വ്യാപന ശേഷിയുള്ള വൈറൽ രോഗമാണ് മാർബർഗ് വൈറസ് രോഗം. എബോള വൈറസ് രോഗത്തിന് കാരണമാകുന്ന വൈറസിന്റെ അതേ കുടുംബത്തിൽപ്പെട്ടതാണ് മാർബർഗ് വൈറസ്. എബോള പോലെ, മാർബർഗ് വൈറസും വവ്വാലുകളിൽ നിന്ന് ഉത്ഭവിക്കുകയും രോഗബാധിതരായ ആളുകളുടെ ശരീരസ്രവങ്ങൾ, സ്പർശനങ്ങൾ, നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ പടരുകയും ചെയ്യുന്നു.