അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ രണ്ട് തവണയാണ് അഭിനയിച്ചിട്ടുള്ളത്. ആന്തോളജി ചിത്രമായ 5 സുന്ദരികളിലെ ചെറുചിത്രം ആമിയിലും 2020 ല്‍ പുറത്തിറങ്ങിയ ട്രാന്‍സിലും. നിര്‍മ്മാതാവ് എന്ന നിലയിലും മറ്റൊരു ഫഹദ് ചിത്രത്തിന്‍റെ ഭാഗമായിരുന്നു അൻവര്‍. അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ബാംഗ്ലൂര്‍ ഡെയ്സ് ആയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി ഈ കൂട്ടുകെട്ട് വരാനിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫഹദ് നായകനാവുന്ന ഈ ചിത്രത്തില്‍ അന്‍വര്‍ റഷീദ് സംവിധായകന്‍ ആയിരിക്കില്ല, മറിച്ച് നിര്‍മ്മാതാവ് ആയിരിക്കും.

സൗബിൻ ഷാഹിറിനെ നായകനാക്കി രോമാഞ്ചം എന്ന ചിത്രം ഒരുക്കിയ ജിത്തു മാധവനാവും ഈ ചിത്രം സംവിധാനം ചെയ്യുകയെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു ആയിരിക്കും പ്രധാന ലൊക്കേഷന്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തുമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്.