ലോട്ടറി ബാഗ് മോഷ്ടിച്ചു കടന്നയാള്‍ ലോട്ടറിയിലെ സമ്മാനത്തുക വാങ്ങാനെത്തിയപ്പോള്‍ പിടിയില്‍.
മീങ്കര അബ്ദുല്‍ ഖാദര്‍ എന്ന 51-കാരനെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം ചുള്ളിയാര്‍ ഡാം സ്വദേശി ലോട്ടറി വില്‍പനക്കാരന്‍ കാജാമുഹമ്മദ് സ്കൂട്ടറില്‍ കാമ്ബ്രത്ത് ചള്ളയിലെ ലോട്ടറി വില്‍പനകേന്ദ്രത്തില്‍ എത്തിയപ്പോള്‍ സ്കൂട്ടറിലുണ്ടായിരുന്ന ലോട്ടറി ബാഗ് അബ്ദുല്‍ ഖാദര്‍ മോഷ്ടിക്കുകയായിരുന്നു. 7900 രൂപയുടെ ലോട്ടറി, 5000 രൂപ, ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്ന് എന്നിവയടങ്ങിയ ബാഗാണ് പ്രതി മോഷ്ടിച്ചത്. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ‍്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിനെ തിരിച്ചറിയുകയും തുടര്‍ന്ന് കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മോഷ്ടിച്ച ബാഗിലെ ലോട്ടറിക്ക് അടിച്ച 6500 രൂപ സമ്മാനത്തുക വാങ്ങാന്‍ കൊല്ലങ്കോട്ടെ ലോട്ടറി ഏജന്‍റിന്‍റെ ഷോപ്പില്‍ അബ്ദുല്‍ ഖാദര്‍ എത്തിയത്. ഷോപ്പ് ഉടമ കാജാമുഹമ്മദിനെ വിവരമറിയിക്കുകയും നാട്ടുകാരും പൊലീസും എത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.