
സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘സീഡിംഗ് കേരള 2023’ സംഘടിപ്പിക്കുന്നു.മാര്‍ച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന സീഡിംഗ് കേരളയുടെ ആറാം പതിപ്പ് ധനമന്ത്രി ടി.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നൂറിലധികം അതിസമ്പന്നർ, രാജ്യത്തുടനീളമുള്ള 50 ലധികം നിക്ഷേപകര്‍, 40 ലധികം പ്രഭാഷകര്‍, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍, കോര്‍പ്പറേറ്റുകള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
സീഡിംഗ് കേരള കേരളത്തിലെ പ്രാരംഭ ഘട്ട നിക്ഷേപ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ അനൂപ് അംബിക പറഞ്ഞു. മാത്രമല്ല, കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ള അതിസമ്പന്നരുടെയും പ്രാദേശിക നിക്ഷേപകരുടെയും കൂട്ടായ്മ സൃഷ്ടിക്കാനും ഈ പരിപാടി സഹായിക്കും. സ്റ്റാര്‍ട്ടപ്പ് നിക്ഷേപ ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.