തിരുവല്ല . കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ ആറ് മാധ്യമ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍.

കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ആറ് പേരെയും ചോദ്യം ചെയ്തത്. ദേശവിരുദ്ധ സംഘടനകളുമായി ഇവര്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയുടെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഇവരുടെ ഫോണുകളില്‍ നിന്നടക്കം ലഭിച്ചുവെന്നാണ് വിവരം.

കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ഭീകര സംഘടനകളുമായും മാവോയിസ്റ്റുകളുമായും ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരുടെ ലിസ്റ്റ് തയാറാക്കി എന്‍ഐഎ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍. വരും ദിവസങ്ങളില്‍ വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ളതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.