
തിരുവനന്തപുരം ∙ പട്ടിക വിഭാഗം കുടുംബങ്ങളുടെ ഭവന പൂർത്തീകരണ പദ്ധതി ‘സേഫി’ൽ ഇരുനില വീടുള്ളവരുടെ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നു സർക്കാർ. വീടു നിർമാണം തുടങ്ങുകയും സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പൂർത്തിയാക്കാനാകാതെ വരികയും ചെയ്ത കുടുംബങ്ങളെ സഹായിക്കാൻ പട്ടിക ജാതി, വർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം ഒരു ലക്ഷത്തിലധികമായതോടെയാണ് സർക്കാർ പുതിയ മാർഗനിർദേശം കൂട്ടിച്ചേർത്തത്. പ്രളയദുരിതാശ്വാസമായി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിച്ചവരെ പദ്ധതിയിൽ പരിഗണിക്കും. മേൽക്കൂരയും ശുചിമുറിയും ഇല്ലാത്ത വീടുകൾ പരിഗണിച്ച ശേഷം 2010 മുതലുള്ള അപേക്ഷകൾ വർഷത്തിന്റെ ആരോഹണ ക്രമത്തിൽ പരിഗണിക്കണമെന്നും നിർദേശമുണ്ട്.
പട്ടികജാതി കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പട്ടിക വർഗ കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപയുമാണ് സേഫിൽ സഹായം നൽകുന്നത്. വീട് നിർമിച്ചിട്ടും സുരക്ഷിതമായ മേൽക്കൂര, ശുചിമുറി, സൗകര്യങ്ങളുള്ള അടുക്കള, ബലപ്പെടുത്തിയ ചുമർ, പ്ലമിങ്, വയറിങ്, പ്ലാസ്റ്ററിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങൾക്കാണ് വകുപ്പിലെ അക്രഡിറ്റഡ് എൻജിനീയർമാരുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് എടുത്ത് നിർമാണം നടത്തുക. വീടിന്റെ ശോച്യാവസ്ഥ കാരണം സഹപാഠികളെ സ്വന്തം വീടുകളിലേക്കു ക്ഷണിക്കാൻ പോലും മടിക്കുന്ന കുട്ടികളുണ്ടെന്നു മനസ്സിലാക്കിയാണ് ‘സേഫ്’ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.