തിരുവനന്തപുരം ∙ പൊതു ടാപ്പുകൾക്ക് ജല അതോറിറ്റി വാട്ടർ ചാർജ് വർധിപ്പിച്ചത് മൂന്നിരട്ടി വരെ. പൊതു ടാപ്പുകൾക്ക് തദ്ദേശ സ്ഥാപനങ്ങളാണ് ചാർജ് അടയ്ക്കേണ്ടതെന്നതിനാൽ അവ വൻതോതിൽ അധികഫണ്ട് കണ്ടെത്തേണ്ടിവരും. ഓരോ പൊതു ടാപ്പിനും പഞ്ചായത്തുകൾ ഏകദേശം 15,000 രൂപയും നഗരസഭകളും കോർപറേഷനുകളും ഏകദേശം 22,000 രൂപയും വാർഷികമായി നൽകണമെന്ന തരത്തിലാണ് ചാർജ് പരിഷ്കരണം.

സംസ്ഥാനത്തെ രണ്ട് ലക്ഷത്തിൽ പരം പൊതു ടാപ്പുകൾക്കായി ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് പ്രതിവർഷം 334.05 കോടി രൂപയാണ് ജല അതോറിറ്റിക്ക് ഇനി നൽകേണ്ടി വരിക. ഈ സാമ്പത്തിക വർഷത്തെ ചെലവ് പോലും താളം തെറ്റുന്ന സ്ഥിതിയാണ്. ഓരോ മാസവും തുക മുൻകൂട്ടി നൽകണം. ചെലവ് ചുരുക്കുന്നതിന് പൊതു ടാപ്പുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നിർബന്ധിതമാകുന്നതോടെ ദരിദ്രവിഭാഗങ്ങൾക്ക് ശുദ്ധജല ലഭ്യത വെല്ലുവിളിയാകും.