കൊച്ചി ∙ എറണാകുളം റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലില്‍ ചാടി ശശി എന്നയാള്‍ ജീവനൊടുക്കിയത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം. ചെറായി കുരിപ്പള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്ന് നിഗമനം.

ഭാര്യ ലളിതയെ കൊലപ്പെടുത്തിയശേഷം വീടുവിട്ട ശശി വൈപ്പിനിലെത്തി ഫെറി സര്‍വീസില്‍ കയറുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയ്ക്കുള്ള വൈപ്പിന്‍ – ഫോര്‍ട്ട്‌കൊച്ചി റോ-റോ ജങ്കാര്‍ സര്‍വീസില്‍ യാത്ര ചെയ്യുന്നതിനിടെ ശശി കായലിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ മേളം കലാകാരനായ മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലളിതയെ വെട്ടേറ്റ നിലയിൽ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ശശിയെ വീട്ടില്‍ കാണാനുണ്ടായിരുന്നില്ല. തിരച്ചില്‍ നടത്തുന്നതിനിടെയാണ് ജങ്കാറില്‍നിന്ന് ഒരാള്‍ കായലില്‍ ചാടി മരിച്ചെന്ന വിവരം ലഭിച്ചത്. തുടർന്ന് മരിച്ചത് ശശിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.