കൊച്ചി ∙ നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി. തുടര്‍ നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദന് വേണ്ടി മുൻപ് ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി സൈബി കോടതിയില്‍ രേഖ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ അനുവദിച്ചിരുന്നത്.

എന്നാൽ തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്ന് സൈബി സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കഥ പറയാന്‍ വീട്ടിലെത്തിയപ്പോള്‍ ഉണ്ണി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. അതേസമയം, ഇന്നു കേസ് പരിഗണിച്ചപ്പോൾ സൈബി ജോസ് ഹാജരായില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് വ്യക്തമാക്കിയ കോടതി, വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നത് 17ലേയ്ക്കു മാറ്റി വച്ചു.