
കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കേ ഇനി സൗജന്യചികിത്സ ലഭിക്കൂ. തട്ടിപ്പ് തടയാന്‍ ലക്ഷ്യമിട്ടാണു നടപടി. കിടത്തിച്ചികിത്സയ്ക്കു പ്രവേശിപ്പിക്കുമ്പോള്‍ വിരലടയാളം സ്വീകരിച്ച് ഉറപ്പാക്കും. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കു മാത്രമാകും ഇളവ്. അവരുടെ രോഗം ഭേദമായശേഷം ആധാര്‍ പരിശോധന നടത്തും. ആദ്യഘട്ടത്തില്‍ കാര്‍ഡ് നേടിയവരുടെ ആധാര്‍ നേരത്തേ ബന്ധിപ്പിച്ചിരുന്നു. ഇതുവരെ കാര്‍ഡ് പുതുക്കാത്തവര്‍ ചികിത്സതേടുമ്പോള്‍ ആധാറും ഹെല്‍ത്ത് കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ ചികിത്സ കിട്ടില്ല. പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ.) മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള ആശുപത്രികളില്‍ അതിനുള്ള സൗകര്യം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.