കരിയറില്‍ എക്കാലവും നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉത്സാഹം കാട്ടിയിട്ടുള്ള താരമാണ് മമ്മൂട്ടി. തന്നിലെ നടന് എന്തെങ്കിലും പുതിയത് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിന്നാണ് ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതാണ്. മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നതും ഇനി അഭിനയിക്കാനിരിക്കുന്നതും നവാഗത സംവിധായകരുടെ ചിത്രങ്ങളാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ് ആണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അടുത്തതായി നടക്കാനിരിക്കുന്നത് നവാഗതനായ ഡിനോ ഡെന്നിസ് ഒരുക്കുന്ന ചിത്രവും.പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡിനോ ഡെന്നിസ് മമ്മൂട്ടിയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ജൂണിലാണ് ആദ്യമായി എത്തിയത്. ഇപ്പോഴിതാ ആ ചിത്രം നിര്‍മ്മാണ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. “മാര്‍ച്ച് അവസാനം ഷൂട്ടിംഗ് ആരംഭിക്കും. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍”. സ്റ്റൈലിഷ് ആയി ഒരുക്കുന്ന ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഇതെന്നും ജിനു എബ്രഹാം പറയുന്നു.