
ലോകത്താകമാനം 70 ലക്ഷം ആളുകളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്ക് കാരണക്കാരനായ വൈറസിന്റെ ഉദ്ഭവം ചൈനയിലെ ലാബിൽനിന്നുതന്നെയെന്ന് റിപ്പോർട്ട്. വൈറ്റ്ഹൗസിന് ലഭ്യമായ രഹസ്യാന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഒരു യു.എസ്. മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. മധ്യചൈനയിലെ വുഹാനിലുള്ള ഹുവാനൻ മാർക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടിൽ പറയുന്നു. അവിടെനിന്നാണ് പിന്നീട് ലോകം മുഴുവൻ വൈറസ് വ്യാപിച്ചത്. വുഹാനിലേക്ക് വൈറസ് എത്തിയത് ചൈനയിലെ ലബോറട്ടറിയിൽ നിന്നാണെന്നും അത് ഒരുപക്ഷേ സ്വാഭാവികമായി പുറത്തുചാടിയതാകാമെന്നുമാണ് യു.എസ്. ഊർജവകുപ്പിന്റെയും അന്വേഷണവിഭാഗമായ എഫ്.ബി.ഐ.യുടെയും കണ്ടെത്തൽ. റിപ്പോർട്ടിന്മേൽ കൂടുതൽ പരിശോധനനടത്താൻ ഊർജവകുപ്പിനു കീഴിലുള്ള നാഷണൽ ലബോറട്ടറികളോട് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ അറിയിച്ചു.