മലയാളത്തിന്‍റെ സ്ക്രീനിലേക്ക് എത്തിയിട്ട് കാലങ്ങളായെങ്കിലും ജോജു ജോര്‍ജിലെ പെര്‍ഫോമറിന്‍റെ ഗതി മാറ്റിവിട്ടത് എം പത്മകുമാര്‍ ചിത്രം ജോസഫിലെ ടൈറ്റില്‍ കഥാപാത്രമാണ്. പിന്നീടിങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ജോജു അമ്പരപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സമീപകാല കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് അടുത്തിടെ തിയറ്ററുകളില്‍ എത്തിയിരുന്നു. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ സംവിധാനം ചെയ്ത ഇരട്ട ആണ് ആ ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ ജോജു ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 3 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ്. വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 3) ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.