ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധായകനിലേക്കെത്തുന്നത്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, പ്രശസ്ത തിരക്കഥാ കത്ത് ജിനു.വി. ഏബ്രഹാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് ആറ് തിങ്കളാഴ്ച്ച കോട്ടയത്ത് ആരംഭിക്കും. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് ഈ ചിത്രത്തിന്റെ അവതരണം.സമീപകാലത്തെ .വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമിത്.ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. എന്നാൽ പതിവു രീതിയിലുള്ള അന്വേഷണങ്ങളുടെ കഥയല്ല, .മറിച്ച് അന്വേഷകരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി ( നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളാണ്. മാർച്ച് ആറിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് പൂർത്തിയാകുന്നത്.
കോട്ടയം, തൊടുപുഴ, കട്ടപ്പന, എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. ഈ ചിത്രത്തിനു വേണ്ടി നാലുകോടി രൂപയോളം ചെലവിട്ട് ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കുന്നുണ്ട്.