
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വായ്പാദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കുളള പലിശ നിരക്ക് ഉയർത്തി. പ്രത്യേക കാലയളവിലുള്ള രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള കാറ്റഗറിയിൽ 3 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് നിരക്കുവർധന. മുതിർന്ന പൗരൻമാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെ പലിശ നൽകും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശ വർധിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2023 ഫെബ്രുവരി 21 മുതൽ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.ഒരാഴ്ച മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസം മുത് 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നൽകും. 46 ദിവസം മുതൽ ആറ് മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കും.പുതുക്കിയ നിരക്കുകൾ പ്രകാരം മുതിർന്ന പൗരൻമാർക്കുള്ള നിക്ഷപ സ്‌കീമുകളിൽ 3.50 ശതമാനം മുതൽ 7.75 ശതമാനം വരെയാണ് പലിശ നിരക്ക് ലഭിക്കുന്നത്. 7മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് പലിശ. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.00 ശതമാനവും, 9 മാസവും ഒരുദിവസം മുതൽ 1 വർഷത്തിൽ താഴെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 6.50 ശതമാനവും പലിശ ലഭിക്കും. . 15 മാസം മുതൽ 18 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.60 ശതമാനവും പലിശ നൽകും.