മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായിരുന്നു. 200 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന നേട്ടമാണ് തൻ്റെ ആദ്യത്തെ സംവിധാന സംരംഭത്തിൽ തന്നെ പൃഥ്വിരാജ് സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ പൃഥ്വിയുടെ ജ്യേഷ്ഠനായ ഇന്ദ്രജിത്തും അനിയൻ്റെ പാത പിന്തുടരാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. പൃഥ്വിരാജിനെ പോലെ തന്നെ തൻ്റെ ആദ്യ ചിത്രത്തിൽ മോഹൻലാലിനെ തന്നെയാണ് ഇന്ദ്രജിത്തും നായകനാക്കുന്നത്. ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഇന്ദ്രജിത്ത് തന്നെയാണ് നിർവഹിക്കുകയെന്നും സൂചനയുണ്ട്. ലൂസിഫർ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ഇന്ദ്രജിത്തും വേഷമിട്ടിരുന്നു. എന്തായാലും നടനെന്നതിലുപരി സംവിധായകനായി ഇന്ദ്രജിത്ത് ശോഭിക്കുമോയെന്നും,  മോഹൻലാലിന് എന്ത് പരിവേഷമാണ് തൻ്റെ ചിത്രത്തിൽ ഇന്ദ്രജിത്ത് നൽകുകയെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.