ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച്‌ വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിലെ പിഴവുകളും പരസ്പരവൈരുദ്ധ്യവുമെല്ലാം ഒന്നുകില്‍ മനപൂര്‍വമായി സംഭവിച്ചതോ അല്ലെങ്കില്‍ പൂര്‍ണമായ അജ്ഞതയില്‍ നിന്നുണ്ടായതോ ആണ്.

തെറ്റായ കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി പല പൊതുരേഖകളേയും ഹിന്‍ഡന്‍ബര്‍ഗ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഉദ്ധരിക്കുകയും കൃത്രിമമായി അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ നിയമവും അക്കൗണ്ടിംഗ് തത്വങ്ങളും അവഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.

88 ചോദ്യങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിരുന്നത്. ഇതില്‍ 65 ചോദ്യങ്ങളുടേയും മറുപടി വളരെ കൃത്യമായി അദാനി പോര്‍ട്ട്‌ഫോളിയോ കമ്പനി വെബ്‌സൈറ്റുകളില്‍ നേരിട്ട് തന്നെ നല്‍കി. അവശേഷിക്കുന്ന 23 ചോദ്യങ്ങളില്‍ 18 ചോദ്യങ്ങള്‍ അദാനി ഗ്രൂപ്പുമായി ബന്ധമുള്ളവയല്ല. അതെല്ലാം പൊതു ഓഹരി ഉടമകളുമായും മൂന്നാം കക്ഷികളുമായും ബന്ധപ്പെട്ടിരിക്കുന്നവയാണ്. ബാക്കിയുള്ള അഞ്ച് ചോദ്യങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമായ ആരോപണങ്ങളാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.