ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ച് ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിന് കൂടുതൽ പേരുടെ പിന്തുണ. കുറ്റക്കാർക്കെതിരെ സർക്കാർതലത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ തങ്ങൾ പരാതിയുമായി പോലീസിനെ സമീപിക്കുമെന്ന് ഒളിംപ്യൻമാർ ഉൾപ്പെടെയുള്ള പ്രമുഖ ഗുസ്തി താരങ്ങൾ അറിയിച്ചു.

സമരത്തിന് പിന്തുണയുമായി എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാൻ സംഘാടകർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ രാഷ്ട്രീയവൽക്കരിക്കാൻ താൽപര്യമില്ലെന്നും വേദിയിലിരിക്കാനാകില്ലെന്നുമായിരുന്നു സംഘാടകരുടെ നിലപാട്. ഗുസ്തി താരങ്ങൾ സമരം ചെയ്യേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. സിപിഐ നേതാവ് ബിനോയ് വിശ്വവും സമരവേദിക്ക് പുറത്ത് ഗുസ്തിതാരങ്ങളെ പിന്തുണച്ച് സംസാരിച്ചു. താരങ്ങളുടെ സമരം ഇന്നും തുടരും.