കശുവണ്ടി പരിപ്പ് കയറ്റുമതിയിൽ കഴിഞ്ഞ വര്‍ഷം രാജ്യം മുന്നേറ്റമുണ്ടാക്കി. എന്നാൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി ഇടിഞ്ഞു. സംസ്ഥാനത്തെ കൂടുതൽ ഫാക്ടറികൾ അടഞ്ഞു കിടക്കുന്നതാണ് ഇടിവുണ്ടാകാൻ പ്രധാന കാരണം. വ്യവസായികൾ ഇതര സംസ്ഥാനങ്ങളിലേക്ക് മാറുന്നതും കേരളത്തിന് തിരിച്ചടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53769 മെട്രിക് ടണ്‍ കശുവണ്ടിയാണ് രാജ്യത്ത് നിന്നും കയറ്റി അയച്ചത്. ഇതിൽ കേരളത്തിന്റെ പങ്ക് 24000 മെട്രിക് ടണ്‍ ആണ്. മുൻ വര്‍ഷങ്ങളെക്കാൾ നാലായിരം മെട്രിക് ടണ്‍ കശുവണ്ടി പരിപ്പ് രാജ്യത്ത് നിന്നും കൂടുതലായി കയറ്റുമതി ചെയ്തു. കേരളത്തിൽ നിന്നുള്ള കയറ്റുമതി അഞ്ഞൂറ് മെട്രിക് ടണ്‍ കുറഞ്ഞു. സംസ്ഥാനത്ത് നിന്നുണ്ടായത് 1400 കോടി രൂപയുടെ കയറ്റുമതിയാണ്. കൊവിഡിനൊപ്പം കശുവണ്ടി വ്യവസായികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നത് തിരിച്ചടയാകുന്നു. കേരളത്തിൽ കശുവണ്ടി വ്യവസായം ചെയ്യുന്നവര്‍ക്ക് ബാങ്ക് വായ്പ്പ കിട്ടാൻ വലിയ ബുദ്ധിമുട്ടാണെന്ന് വ്യാപാരികൾ പറയുന്നു. ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് കശുവണ്ടി വ്യാപാര മേഖലയിൽ കടുത്ത മത്സരമുണ്ട്. ഇതും കയറ്റുമതിയിൽ കേരളത്തിന് വെല്ലുവിളിയാണ്.