ന്യൂഡൽഹി ∙ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശിൽ അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ്. സംസ്ഥാന നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി അദാനി വിൽമർ ഗ്രൂപ്പ് ജിഎസ്ടി അടയ്ക്കുന്നില്ലായിരുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്തെ കമ്പനിയുടെ നികുതി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പ് തേടിയിട്ടുണ്ട്. ഓഹരിക്കാര്യത്തിൽ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിനുപിന്നാലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികൾ സംശയ നിഴലിലായിരുന്നു.

ഹിമാചൽ പ്രദേശിൽ ഏഴു കമ്പനികളാണ് അദാനിയുടേതായി പ്രവർത്തിക്കുന്നത്. ഫെബ്രുവരി എട്ടിന് വന്ന ഡിസംബർ പാദ ഫലങ്ങളിൽ ലാഭം 16% വർധിച്ച് 246.16 കോടി രൂപയായി ഉയർന്നിരുന്നു. സിംഗപ്പൂർ ആസ്ഥാനമായ വിൽമർ കമ്പനി ഫോർച്യൂൺ ബ്രാൻഡിന്റെ പേരിൽ തുല്യ പാർട്ണർഷിപ്പിലാണ് അദാനി ഗ്രൂപ്പുമായി ചേർന്ന് ഭക്ഷ്യ എണ്ണയും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും പുറത്തിറക്കുന്നത്.