ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സാമ്പത്തിക ക്രമക്കേട് കേസിൽ കഴിഞ്ഞ മേയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു. സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അംഗീകരിച്ചത്.

മദ്യനയക്കേസിൽ സിസോദിയയെ ഞായറാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കടലാസ് കമ്പനികളുടെ പേരിൽ 4.63 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ആം ആദ്മി പാർട്ടി സർക്കാരിൽനിന്ന് രാജിവച്ച മന്ത്രിമാർ‌ മൂന്നായി. മതപരിവർത്തന ചടങ്ങിൽ പങ്കെടുത്തതിൽ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ഒക്ടോബറിൽ രാജേന്ദ്രപാൽ ഗൗതം രാജിവച്ചിരുന്നു. സത്യേന്ദർ ജെയിൻ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ വകുപ്പുകൾ സിസോദിയയെ ഏൽപ്പിക്കുകയായിരുന്നു. പുതിയ മന്ത്രിമാരെ വൈകാതെ തിരഞ്ഞെടുക്കുമെന്ന് എഎപി ദേശീയ വക്താവ് സൗരഭ് ഭരദ്വാജ് അറിയിച്ചു.