ഗായകന്‍ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ പഞ്ചാബിലെ ജയിലില്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന്‍ മന്‍മോഹന്‍ സിങ് മോഹന, മന്ദീപ് സിങ് തൂഫാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് ജയിലിലെ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഒരു തടവുകാരന് പരുക്കുണ്ട്.

2022 മെയ് 29നാണ് സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇരുപത്തിയെട്ടുകാരനായിരുന്ന മൂസേവാല പഞ്ചാബ് റാപ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാർഥി ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.