റായ്പുർ ∙ അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കോൺഗ്രസ് കടക്കുന്നു. രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ
എന്നിവരടക്കമുള്ള നേതാക്കൾ സമരങ്ങൾക്ക് നേതൃത്വം നൽകും. 3 മാസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭം കോൺഗ്രസ് നടത്തുമെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന മാർച്ച് 13ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് നടത്തും. മാർച്ച് അവസാനം ജില്ലാ തലങ്ങളിലും ഏപ്രിൽ ആദ്യവാരം സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. മാർച്ച് 6 – 10 തീയതികളിൽ ദേശസാൽകൃത ബാങ്കുകളുടെയും എൽഐസി ഓഫീസുകളുടെയും മുന്നിൽ ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അദാനി വിഷയത്തിൽ സത്യം പുറത്തുവരുന്നത് വരെ രാഹുൽ ഗാന്ധിക്കൊപ്പമുള്ള പോരാട്ടത്തിന് കോൺഗ്രസ് തയാറാണെന്ന് ഖാർഗെ പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്വേഷ പ്രചാരണം എന്നിവയ്ക്കെതിരെയും പോരാടും. രാജ്യത്തെ സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.