ആന്ധ്രാപ്രദേശ് . ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശിന്റെ പുതിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.ജെ പ്രശാന്ത് കുമാര്‍ മിശ്ര ജസ്റ്റിസ് അബ്ദുള്‍ നസീറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയവാഡ രാജ്ഭവനിലാണ് പരിപാടി നടന്നത്. സംസ്ഥാന വിഭജനത്തിന് ശേഷം ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ ഗവര്‍ണറാണ് അബ്ദുള്‍ നസീര്‍.

കര്‍ണാടക സ്വദേശിയായ അബ്ദുള്‍ നസീര്‍ സുപ്രീം കോടതി ജഡ്ജിയായി കഴിഞ്ഞ മാസമാണ് വിരമിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാതെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് അബ്ദുള്‍ നസീര്‍. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു, മറ്റ് ജനപ്രതിനിധികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.