ഡല്‍ഹി . ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. പവന്‍ സെഹ്രാവത് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബവാന വാര്‍ഡ് കൗണ്‍സിലര്‍ ആണ് സെഹ്രാവത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി(എം.സി.ഡി) സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം തെരഞ്ഞെടുപ്പിന് മുമ്പാണ് പ്രഖ്യാപനം. പാര്‍ട്ടി വിട്ടതിന് പിന്നാലെ എ.എ.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.

എം.സി.ഡി ഹൗസില്‍ ബഹളം ഉണ്ടാക്കാന്‍ എ.എ.പി സമ്മര്‍ദം ചെലുത്തുന്നുവെന്നായിരുന്നു സെഹ്രാവത്തിന്റെ ആരോപണം. ആം ആദ്മി രാഷ്ട്രീയം തന്നെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഡല്‍ഹി ഓഫീസില്‍ വര്‍ക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയും ജനറല്‍ സെക്രട്ടറി ഹര്‍ഷ് മല്‍ഹോത്രയും ഷാള്‍ അണിയിച്ചാണ് പവനെ സ്വാഗതം ചെയ്തത്.