ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര അറസ്റ്റില്‍. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്ക് പോകാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പവന്‍ ഖേരയെ വിമാനത്തില്‍നിന്ന് പുറത്താക്കി. പ്രധാനമന്ത്രിയെ ‘നരേന്ദ്ര ഗൗതം ദാസ് മോദി’ എന്ന് വിളിച്ച കേസുള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി അറിയിച്ചു.

അതേസമയം പവന്‍ ഖേരയ്ക്ക് എതിരായ നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. മറ്റു നേതാക്കളെല്ലാം വിമാനത്തില്‍ കയറിക്കഴിഞ്ഞ ശേഷമാണ് ഖേരയെ പുറത്തിറക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ പവന്‍ ഖേരയ്‌ക്കെതിരെ യുപി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.