ബെംഗളൂരു . രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ടിപ്പു സുല്‍ത്താന്റെ അനന്തരവകാശികള്‍.
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ അടുത്തിടെ വന്‍ വിവാദങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ ഏഴാം തലമുറയിൽപ്പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലിയാണ് നിലപാട് വ്യക്തമാക്കിയത്.

ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീല്‍ രംഗത്തെത്തിയതായിരുന്നു അതിലൊരു സംഭവം. സുല്‍ത്താനെ പിന്തുണക്കുന്നവരേ തുരത്തി കാട്ടിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ടിപ്പുവിന്റെ പേര് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് സാഹേബ് സാദാ മന്‍സൂര്‍ അലിയും കുടുംബവും നല്‍കുന്നത്. വിവാദങ്ങള്‍ക്ക് വേണ്ടി ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പുവിന്റെ പേര് എന്നും വിവാദ വിഷയമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്റെയും സവര്‍ക്കറുടെയും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാകുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കുടുംബം ഇപ്പോള്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.