കൊൽക്കത്ത ∙ പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക. രാഷ്ട്രീയ അക്രമത്തിനിരയായവർക്ക് പ്രത്യേക ക്ഷേമ പദ്ധതികൾ, 60 വയസ്സ് കഴിഞ്ഞവർക്ക് ക്ഷേമ പെൻഷൻ, പിരിച്ചുവിട്ട പതിനായിരത്തിൽപരം അധ്യാപകർക്ക് നിയമനം തുടങ്ങി 81 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

കോൺഗ്രസും ഇടതുമുന്നണിയും ഒന്നിച്ചുള്ള പൊതുമിനിമം പരിപാടി അടുത്തയാഴ്ച പുറത്തിറക്കും. ടിപ്ര മോത പാർട്ടിയുമായി ഏതാനും സീറ്റുകളിലെങ്കിലും ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിലിന് കൂടുതൽ സ്വയംഭരണാധികാരവും ഉറപ്പുനൽകുന്നുണ്ട്. ടിപ്ര മോതയുമായി ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.