ഭോപ്പാല്‍ . രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച്‌ യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ ആറ് ബജ്റംഗ്ദള്‍ പ്രവർത്തകർക്കെതിരെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഹരിയാനയിലെ ഭിവാനി ജില്ലയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇരുവരെയും അജ്ഞാതര്‍ തട്ടികൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ ഉടമ അസീന്‍ ഖാന്‍ എന്നയാളാണെന്നും കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി. യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ തീകൊളുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും.