മുംബൈ ∙ ബോംബെ ഐഐടി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥി ദർശൻ സോളങ്കി ചാടിമരിച്ചത് സഹവിദ്യാർഥികളുടെ ജാതി അധിക്ഷേപത്തെത്തുടർന്നാണെന്ന് ആവർത്തിച്ച് കുടുംബം. അഹമ്മദാബാദ് സ്വദേശി ദർശൻ സോളങ്കിയാണ് ഞായറാഴ്ച ഏഴാം നിലയിൽ നിന്ന് ചാടിമരിച്ചത്. ജാതി അധിക്ഷേപം ഐഐടി അധികൃതർ നിഷേധിച്ചെങ്കിലും സോളങ്കിയുടെ സഹോദരി അടക്കമുള്ള കുടുംബാംഗങ്ങൾ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു.

സഹവിദ്യാർഥികളിൽനിന്ന് വലിയ തോതിൽ വിവേചനം നേരിടുന്നതായും താൻ പട്ടികവർഗക്കാരനാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അവഹേളനം തുടങ്ങിയതെന്നും കഴിഞ്ഞമാസം വീട്ടിൽ വന്നപ്പോൾ സോളങ്കി മാതാപിതാക്കളോട് പറഞ്ഞിരുന്നതായി സഹോദരി ജാൻവി സോളങ്കി പറഞ്ഞു. സൗജന്യമായി പഠിക്കുന്നത് പല സഹപാഠികൾക്കും ഇഷ്ടമാകുന്നില്ലെന്നും എപ്പോഴും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുകയാണെന്നും സോളങ്കി പറഞ്ഞിരുന്നതായി അമ്മായിയും അവകാശപ്പെട്ടു.