ന്യൂഡൽഹി ∙ പാ‍ർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുന്നത് പഴയ പാർലമെന്റ് മന്ദിരത്തിലും, മാർച്ചിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലുമാണ് നടത്തുന്നത്.ദ്രൗപദി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.

സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ വയ്ക്കും. ബജറ്റ് നാളെ രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന സെഷനിൽ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ 6ന് തീരുന്ന രണ്ടാം സെഷനിൽ ഉപധനാഭ്യർഥനകൾ, ബജറ്റ് ചർച്ച, ബജറ്റ് പാസാക്കൽ എന്നിവയുമുണ്ടാകും.