ന്യൂഡൽഹി / മുംബൈ ∙ ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസം രാത്രിയും തുടർന്നു. സാമ്പത്തിക ഇടപാട് രേഖകളുടെ പകർപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ചൊവ്വാഴ്ച രാത്രി മാധ്യമപ്രവർത്തകരെ വീട്ടിൽ പോകാൻ അനുവദിച്ചെങ്കിലും ധനകാര്യ വിഭാഗം ജീവനക്കാരോട് ഓഫീസിൽ തുടരാൻ ആവശ്യപ്പെട്ടു. ഓഫീസിൽ നിർബന്ധമായും എത്തേണ്ടതില്ലാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി.

ഇന്ത്യയിൽ ബിബിസിയുടെ ഘടന, പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകണമെന്ന് ബിബിസി വേൾഡ് സർവീസ് ഡയറക്ടർ ലിലെയ്ൻ ലാൻഡർ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. പരിശോധന പെട്ടെന്നുള്ള നടപടിയല്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളുടെ നിലപാട്. വിശദമായ നടപടിക്രമങ്ങളുടെ തുടർച്ചയാണിത്. ആദ്യ നോട്ടീസുകൾക്ക് തൃപ്തികരമായ മറുപടിയില്ലാതെ വരുമ്പോഴാണ് ഇത്തരം സർവേയിലേക്ക് നീങ്ങുന്നതെന്നും അനൗദ്യോഗികമായി നൽകിയ മറുപടിയിൽ പറയുന്നു.