ന്യൂഡൽഹി ∙ മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഇന്നലെ രാത്രി ഏഴിന് ഡൽഹിയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത സർക്കാരിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. 1925 നവംബർ 11ന് ഉത്തർപ്രദേശിലെ ബിജ്നോറിൽ ജനിച്ച അദ്ദേഹം സംഘടനാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി അസാധുവാക്കിയ പ്രശസ്തമായ കേസിൽ, വാദിയായിരുന്ന രാജ് നാരായന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ദിര ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലും എതിർഭാഗത്ത് വാദിച്ചു. ഈ കേസിനെ തുടർന്നാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഴിമതിക്കെതിരെയും പൗരാവകാശങ്ങൾക്ക് വേണ്ടിയും ശക്തമായ നിലപാടെടുത്ത ശാന്തി ഭൂഷൺ, പൊതുതാൽപര്യമുള്ള ഒട്ടേറെ കേസുകൾ സുപ്രീം കോടതിയിൽ വാദിച്ചു.