രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ വീണ്ടും കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 3,618 പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ 113 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോ​ഗികളുടെ എണ്ണമാണിത്. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 5,30,781 ആണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി നിർദേശം നൽകി. ജാ​ഗ്രതപാലിക്കണമെന്ന നിർദേശവുമായി ശനിയാഴ്ച സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഐസിയു സൗകര്യമുള്ള കിടക്കകൾ, മരുന്ന്, ഓക്സിജൻ തുടങ്ങിയവയുടെ ലഭ്യത ആശുപത്രികളിൽ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഉത്സവ കാലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് വർധിച്ചതിനാൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നേക്കുമെന്നാണ് സൂചന.