എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ആര്‍ആര്‍ആര്‍’ രാജ്യമൊട്ടാകെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. വിദേശത്തും എസ് എസ് രാജമൗലി ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള സംവിധാന പ്രതിഭകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

പ്രശസ്‍തമായ ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സില്‍ ആക്ഷൻ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എൻടിആറിനും മികച്ച നടനുള്ള പുരസ്‍കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. ടോം ക്രൂസ്, നിക്കോളാസ് കേജ് തുടങ്ങിയവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങള്‍. നിക്കോളാസ് കേജിന് ‘ദ അണ്‍ബ്രേക്കബിള്‍ വെയ്‍റ്റ് ഓഫ് മാസീവ് ടാലെന്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനും ടോം ക്രൂസിന് ‘ടോപ് ഗണ്‍: മാവെറിക്കി’ലെ അഭിനയത്തിനുമാണ് നോമിനേഷൻ ലഭിച്ചത്.ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.