മഹാരാഷ്ട്രയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രക്തം സ്വീകരിച്ചതിലൂടെ 1442 പേർക്ക് എച്ച്.ഐ.വി. ബാധിച്ചതായി പുതിയ റിപ്പോർട്ട്. അവരിൽ അഞ്ചുവയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ മരിച്ചു. 2012 മുതൽ 2020 വരെയുള്ള കാലയളവിൽ മഹാരാഷ്ട്രയിൽ 1.99 ലക്ഷം പേരെയാണ് എച്ച്.ഐ.വി. ബാധിതരായി കണ്ടെത്തിയത്. അവരിൽ 1442 പേർ രോഗബാധിതരായത് രക്തം സ്വീകരിച്ചതിലൂടെയായിരുന്നു. നാഗ്പുരിൽ രോഗികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് മഹാരാഷ്ട്ര സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിൽനിന്ന് വിവരാവകാശനിയമം പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്‌.