
സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിർവാന്റെ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ്. 15 മാസം പ്രായമുള്ള നിർവാന്റെ ചികിത്സയ്ക്ക് അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. നിരവധിപേർ സാമ്പത്തികസഹായം നൽകുകയുണ്ടായി. എന്നാൽ ഇപ്പോൾ ചികിത്സ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നൽകിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിർവാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയിൽ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങൾക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് ആണ് സാരംഗ് മേനോൻ-അദിതി ദമ്പതികൾ പറയുന്നത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും ആണ് തുക നൽകിയ അജ്ഞാതൻ പറഞ്ഞത്.