
എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് കർണാടകയിലും ഹരിയാനയിലും ഒരാൾ വീതം മരിച്ച സാഹചര്യത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. . എച്ച്3എൻ2 വിനെതിരെ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധമാർഗങ്ങൾ പാലിക്കുകയാണ് വേണ്ടത്. എന്നാൽ, കോവിഡ് രോഗം പോലെ പേടിക്കേണ്ട വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, കുളിര്, പനി, ജലദോഷം തുടങ്ങിയവയാണ് ലക്ഷണം. കുട്ടികൾ, പ്രായമായവർ, രോഗം പിടിപെടാൻ തക്ക ആരോഗ്യസ്ഥിതിയിലുള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ഡോക്ടർമാർ നിർദേശം നൽകി. രോഗലക്ഷണം ഉണ്ടെന്ന് സംശയിക്കുന്നവർ സ്വയംചികിത്സ ചെയ്യാതെ ഡോക്ടറെ കണ്ട് ചികിത്സ തേടണം എന്ന് വിദഗ്ധർ നിർദേശിച്ചു.