രണ്ട് ചിത്രങ്ങള്‍ മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും വിപിന്‍ ദാസിന് കരിയര്‍ ബ്രേക്ക് നല്‍കിയത് ജയ ജയ ജയ ജയ ഹേ എന്ന ചിത്രമായിരുന്നു. പുതുവര്‍ഷ ദിനത്തില്‍ വിപിന്‍ ദാസിന്‍റെ അടുത്ത പ്രൊജക്റ്റും പ്രഖ്യാപിക്കപ്പെട്ടിരുന്നു. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രമാണ് അത്. ചിത്രത്തെക്കുറിച്ചുള്ള കൌതുകകരമായ ഒരു വിവരം ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് ഇത്.ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ കഥ ഒരു വര്‍ഷം മുന്‍പാണ് താന്‍ കേട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.