തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വില. ഇതാദ്യമായാണ് ഒരു പവൻ സ്വർണത്തിന്റെ വില 43,000 രൂപ കടക്കുന്നത്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 43040 രൂപയിലാണ് ഇന്ന് വിറ്റഴിക്കുന്നത്. ഒരു പവന് 200 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. 42,840 രൂപയായിരുന്നു ഇന്നലെ സ്വർണ വില. ഫെബ്രുവരി രണ്ടിന് സ്വർണവില 42,880 രൂപയിലെത്തി. ഈ റെക്കോർഡാണ് ഇന്നത്തെ വർദ്ധനവോടെ സ്വർണം തിരുത്തിയത്.

22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഗ്രാമിന് 5380 രൂപയായി.അമേരിക്കയിലുൾപ്പെടെ സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമടക്കം രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം വർധിച്ചതും വില ഉയരാൻ കാരണമായി

മൂന്ന് ശതമാനം ജിഎസ്ടിയും കുറഞ്ഞത് 5 ശതമാനം ലേബർ ചാർജും കഴിഞ്ഞ് 47000 രൂപയെങ്കിലും അടച്ചാൽ മാത്രമേ ഒരു പവൻ സ്വർണാഭരണങ്ങൾ വാങ്ങാൻ കഴിയൂ. അതിനിടെ പഴയ സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.